ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സംശയമുള്ളതായി പൊലീസ്. മാന്നാർ സ്വദേശിനിയായ കല എന്ന യുവതിയെയാണ് 15 വർഷം മുൻപ് കാണാതായത്. ഇവർ കൊല്ലപ്പെട്ടതായി ഭർത്താവിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതിൽ കാര്യമായ തുടരന്വേഷണം അന്ന് നടന്നിരുന്നില്ല.
പിന്നീട് അനിൽ വിദേശത്തേക്ക് ജോലിക്കായി പോകുകയായിരുന്നു. ഇയാൾ വീണ്ടും വിവാഹിതനാകുകയും ചെയ്തു. എന്നാൽ, കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചുകൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തിൽ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർ കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇപ്പോൾ പൊലീസ് തുറന്ന് പരിശോധിക്കുകയാണ്. അനിലിന്റെയും കലയുടെയും പ്രണയ വിവാഹമായിരുന്നു. ഇരു ജാതികളിലുംപെട്ട ഇവരുടെ വിവാഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു നടന്നത്. 20 വയസ്സുള്ളപ്പോഴാണ് കലയെ കാണാതാകുന്നത്. സംഭവത്തിൽ ഏറെ ദുരൂഹതയുള്ളതായി പൊലീസ് പറയുന്നു.