രാഹുൽ- മോദി പോര്; സഭയിൽ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

വിദ്വേഷവും വെറുപ്പും തെറ്റുകൾ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു ലോക്‌സഭയിൽ വിളിച്ച് പറഞ്ഞ രാഹുൽ ഗാന്ധി. ശിവന്റെ ചിത്രം ഉയർത്തി രാഹുൽ ഗാന്ധി ഇത് വിളിച്ച് പറഞ്ഞത്. ബിജെപി ഇക്കാര്യങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുൽ കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമർശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുൽ പരാമർശിച്ചു.

അതേസമയം ശിവന്റെ ചിത്രം ഉയർത്തിയത് സ്പീക്കർ ഓം ബിർള എതിർത്തു. പ്ലക്കാർഡുകൾ ഉയർത്തുന്നത് റൂൾസിന് എതിരാണെന്ന് സ്പീക്കർ ഓർമിപ്പിച്ചു. ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.

‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനിൽക്കുന്ന വ്യക്തികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളിൽ പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കൾ ഇപ്പോഴും ജയിലിനുള്ളിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിർത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

‘അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. അത് നിർഭയത്വം, ഉറപ്പ്, സുരക്ഷ എന്നിവയെ ചൂണ്ടികാട്ടുന്നു. മഹാന്മാരായ നമ്മുടെ നേതാക്കളെല്ലാം അഹിംസയ്ക്ക് വേണ്ടിയും ഭയരഹിതരായിരിക്കാനും വാദിച്ചവരാണ്. ഇവിടെ ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമം, വെറുപ്പ്, അസത്യം എന്നിവ പ്രചരിപ്പിക്കുന്നു. നിങ്ങൾ യഥാർത്ഥ ഹിന്ദുക്കളല്ല’ രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ അപമാനിച്ചെന്നും ഹിന്ദുക്കൾ അക്രമകാരികളാണെന്ന് പരാമർശം ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.

അഗ്നിവീറുകൾ സർക്കാരിനെ സംബന്ധിച്ച് ആവശ്യം കഴിയുമ്പോൾ ദൂരേക്ക് എറിയുന്ന തൊഴിലാളികൾ ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ സന്ദർശനം നടത്തിയില്ല. ബിജെപിയുടെ രാഷ്ട്രീയമാണ് മണിപ്പൂരിൽ കത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അയോധ്യ വിഷയവും രാഹുൽ പാർലമെന്റിൽ ഉയർത്തികാട്ടി. അയോധ്യ പാർലമെന്റിൽ ബിജെപിക്കുള്ള മറുപടി നൽകി. രാമന്റെ ജന്മഭൂമി ബിജെപിക്ക് സന്ദേശം നൽകിയെന്നായിരുന്നു രാഹുലിന്റെ പരാമർശം. വാരാണസിയിൽ ഇത്തവണ മോദി കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. മോദി ബിജെപിക്കാരെ തന്നെ ഭയപ്പെടുത്തി നിർത്തുകയാണ്. മോദി വരും മുമ്പ് ചിരിച്ചുകൊണ്ട് നമസ്‌തെ പറഞ്ഞ് രാജ്‌നാഥ് സിംഗ് പിന്നീട് ഗൗരവത്തിലായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Exit mobile version