ബിനോയ് വിശ്വത്തിന്റെ വിമർശനം; രാഷ്ട്രീയമായി മറുപടി നല്‍കാനുറച്ച് സിപിഐഎം

കണ്ണൂർ സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ വിവാദങ്ങളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ അതൃപ്തി അറിയിച്ച് സിപിഐഎം. സിപിഐഎം സംസ്ഥാന നേതൃത്വം വിമർശനങ്ങൾക്കുള്ള മറുപടി നൽകും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് വിവാദം ഒത്തുതീർക്കാൻ സിപിഐഎം ശ്രമം നടത്തികൊണ്ടിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതികരണം വിഷയം മൂർച്ഛിക്കാൻ കാരണമായെന്ന വിലയിരുത്തലിലാണ് സിപിഐഎം. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയോ, സംസ്ഥാന നേതൃത്വത്തിലെ മറ്റാരെങ്കിലുമോ രാഷ്ട്രീയമായി മറുപടി നൽകാമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.

കണ്ണൂരിൽ നിന്നുള്ള സ്വർണ്ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ ചൊങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ശനിയാഴ്ച്ച ബിനോയ് വിശ്വം പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന കാര്യമാണ് താൻ പറഞ്ഞത്. എൽഡിഎഫിന് മേൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് മുന്നോട്ടുപോയെ പറ്റൂ. എൽഡിഎഫിനെ ശക്തിപ്പെടുത്താൻ വേണ്ടി ആവശ്യമായ തീരുത്തലുകൾക്ക് വേണ്ടി സിപിഐഎമ്മും സിപിഐയും ശ്രമിക്കുന്ന വേളയിൽ ശരിയായ കാഴ്ച്ചപ്പാടാണ് തങ്ങൾ പറഞ്ഞത്. അതിനപ്പുറം അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

Exit mobile version