ഫോൺ വിളിയും ഡാറ്റ ഉപയോഗവും ഇനി ചിലവേറും. ജിയോക്ക് പിന്നാലെ മൊബൈൽ റീച്ചാർജ് താരിഫ് നിരക്കുകൾ ഇന്ന് എയർടെല്ലും തുകകൾ വർധിപ്പിച്ചിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകൾ ഉയരുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു.
രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനും സ്പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തുന്നത് എന്നാണ് എയർടെൽ വിശദീകരിച്ചിരിക്കുന്നത്. ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനിൽപിന് എആർപിയു (ആവറേജ് റെവന്യു പെർ യൂസർ) 300 രൂപയ്ക്ക് മുകളിലായിരിക്കണം എന്നും എയർടെൽ പറയുന്നു.
റിലയൻസ് ജിയോ നിരക്കുകൾ കൂട്ടിയതിന് പിന്നാലെയാണ് എയർടെല്ലും രാജ്യവ്യാപകമായി റീച്ചാർജ് നിരക്കുകളിൽ മാറ്റം വരുത്തിയത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെ എയർടെൽ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും. നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരും. ഏറ്റവും മിതമായ നിരക്കിലുണ്ടായിരുന്ന 179 രൂപയുടെ റീച്ചാർജ് പ്ലാൻ 199 രൂപയിലേക്കാണ് എയർടെൽ വർധിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയും പരിമിതികളില്ലാത്ത കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസ് വീതവുമാണ് ഈ പാക്കേജിൽ ലഭിക്കുന്നത്.
Discussion about this post