കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; നില ഗുരുതരം

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചു. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ ഇതേ അസുഖം ബാധിച്ച് മരിച്ചിരുന്നു.

രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതീവ ജാഗ്രതയോടെ സാഹചര്യത്തെ ആരോഗ്യ വകുപ്പ് കാണുന്നത്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

Kozhikode 12-year-old boy diagnosed with amoebic encephalitis.

Exit mobile version