ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിൽ നടപടിയുമായി സർക്കാർ. ഇതിന്റെ പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം.
നിയമസഭയിൽ സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിക്കാൻ ഇരിക്കെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദവും ആരംഭിച്ചിരുന്നു. ഹൈക്കോടതി വിധി മറികടന്നായിരുന്നു ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം.
Discussion about this post