സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം. വിമർശനങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിനെ വികൃതമാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് വിമർശനമുണ്ടായി. കൂടാതെ പൊലീസിനും ആഭ്യന്തര വകുപ്പിനും സമിതിയിൽ വിമർശനമുയർന്നു. ഐ ജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം തിരിച്ചടിയായതായാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങളും പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ അക്രമണങ്ങൾ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടു. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടിയും തിരിച്ചടിയായെന്നും വിമർശനമുയർന്നു.
തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടൽ സുരേഷ് ഗോപിക്ക് വേണ്ടിയായിരുന്നു എന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ഇത്തരം വിമർശനം ഉയർന്നത് ഇടുക്കി, എറണാകുളം ജില്ലകളുടെ അംഗങ്ങളിൽ നിന്നുമാണ്. പാർട്ടി പരിപാടിയനുസരിച്ച് സർക്കാർ പ്രവർത്തിക്കണമെന്നും അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നും അകന്ന് പോയത് തിരിച്ചുപിടിക്കാൻ ഇത് അനിവാര്യമാണെന്നും കമ്മിറ്റി വിലയിരുത്തി. സർക്കാർ പ്രവർത്തനങ്ങളുടെ മുൻഗണനാക്രമം അടുത്ത സിപിഐഎം സമിതി നിശ്ചയിക്കും.
Discussion about this post