50 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ എടുത്തവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. കോടതി നിർദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
കസ്റ്റഡിയിലിടുത്തവരിൽ മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈറ്റ് സ്വദേശി, നാല് ഈജിപ്റ്റ് പൗരൻമാർ എന്നിങ്ങനെയാണുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ മേൽ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ കോടതി ചുമത്തിയിട്ടുണ്ട്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതി നിർദേശം.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മംഗഫിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം മൂലം 50 പേർ മരിച്ചത്. 49 ഇന്ത്യക്കാർ സംഭവത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയർഫോഴ്‌സിന്റെ അന്വേഷണ റിപ്പോർട്ട്. ഗാർഡിന്റെ റൂമിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയർഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ കൂടാൻ കാരണമായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചിരുന്നു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Discussion about this post