രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലെത്തുന്നു. ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദർശിക്കും എന്നാണ് വിവരം. രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തിൽ പകരക്കാരിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദർശനമായിരിക്കുമിത്. പ്രചാരണത്തിന് മുൻപുള്ള സൗഹൃദ സന്ദർശനമാണ് ഉദ്ദേശം.
വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിർത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നൽകിയിരുന്നു. ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും അമിത് മാളവ്യ ആരോപിച്ചു.
അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയത്. കേരളത്തിൽ കോൺഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയിൽ പിന്തുണ കൂടുന്നതും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.