കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും നൽകും.
അതേസമയം, അപകടത്തിൽ മരണ സംഖ്യ 15 ആയി. 60 പേർക്ക് പരിക്കേറ്റതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചിരുന്നു. ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയിരുന്നു.
ഉത്തരേന്ത്യയിലുള്ള പ്രധാനപ്പെട്ട ട്രെയിനുകളിലൊന്നായിട്ടും കാഞ്ചൻജംഗ എക്‌സ്പ്രസിനെ ഇപ്പോഴും എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളായി ഉയർത്തിയിട്ടില്ല. എൽഎച്ച്ബി കോച്ചുകൾ വേഗം കൂടിയതും സുരക്ഷിതവുമായതിനാൽ അപകടമുണ്ടായാൽ പരസ്പരം ഇടിച്ചുകയറില്ല. എന്നാൽ കാഞ്ചൻജംഗയിൽ ഇപ്പോഴും പരമ്പരാഗത ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളാണുള്ളത്.
Discussion about this post