പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആരാകും കോൺഗ്രസ് സ്ഥാനാർത്ഥി. കെ മുരളീധരൻ സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് അനുകൂലമായി പ്രതികരിച്ചിരിക്കയാണ് വി കെ ശ്രീകണ്ഠൻ എം പി. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ച പോസറ്റീവാണെന്നും ബാക്കിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് ശ്രീകണ്ഠൻ എംപി പറഞ്ഞത്. ഇതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുരളീധരനും ബിജെപിക്ക് വേണ്ടി പത്മജ വേണുഗോപാലും തമ്മിൽ ഏറ്റുമുട്ടുമോ എന്നതിനെപ്പറ്റിയാണ് ചർച്ചകൾ. ബി ജെ പിയിൽ സ്ഥാനാർത്ഥി ചർച്ചകൾ അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. പത്മജ മത്സരിക്കട്ടെയെന്ന വികാരം പാർട്ടിയിൽ ഒരു വിഭാഗത്തിന് ഉണ്ട്. പത്മജയുടെ ബിജെപിയിലേക്കുള്ള വരവും സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയവുമെല്ലാം ഗുണം ചെയ്യുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പത്മജ മത്സരിച്ചാൽ കോൺഗ്രസ് വോട്ടുകളടക്കം പെട്ടിയിലാക്കാമെന്നും അവർ പറയുന്നു. പത്മജ അല്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെച്ച സി കൃഷ്ണകുമാറിനെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ബി ജെ പി സംസ്ഥാന ട്രഷററും നിലവിൽ നഗരസഭ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസ് , പാർട്ടി മുൻ വക്താവ് സന്ദീപ് വാര്യർ എന്നിവരുടെ പേരുകളും ബിജെപിയിൽ ചർച്ചയാകുന്നുണ്ട്.
കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ കാഴ്ചവെച്ചത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പമ്പറിലും ശ്രീധരനും തമ്മിൽ നടന്നത്. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഷാഫി മണ്ഡലം നിലനിർത്തി. ഇക്കുറി മികച്ച സ്ഥാനാർത്ഥി വന്നാൽ പാലക്കാട് വിജയം ഉറപ്പിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ.
അതേസമയം മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ നിലപാടെടുത്താൽ ചിലപ്പോൾ യുവാക്കൾക്ക് നറുക്ക് വീണേക്കാം. രാഹുൽ മാങ്കൂട്ടത്തിൽ അല്ലെങ്കിൽ വിടി ബൽറാമിന്റെ പേരുകളാണ് പരിഗണനയിൽ. ഷാഫി പറമ്പലിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. സിപിഎമ്മും മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. യുവ നേതാവ് എം സ്വരാജിനെ സിപിഎം മത്സരിപ്പിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Discussion about this post