ടാറ്റ മോട്ടേഴ്സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകൾക്ക് ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി) ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്. പഞ്ച്, നെക്സോൺ ഇലക്ട്രിക് കാറുകൾക്കാണ് സുരക്ഷാ റേറ്റിങ് ലഭിച്ചത്. ഭാരത് എൻകാപ് വഴി 5 സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങളാണ് ഇവയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടാറ്റ സഫാരി, ഹാരിയർ (നോൺ-ഇലക്ട്രിക്) എന്നിവയ്ക്കാണ് ഇതിനു മുൻപ് 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്.
ഇതുവരെ ഏതൊരു വാഹനവും നേടിയതിനേക്കാൾ ഉയർന്ന സ്‌കോർ കൈവരിച്ചാണ് പഞ്ച് ഇവി ഫൈവ് സ്റ്റാർ റേറ്റിങ് നേടിയെടുത്തിരിക്കുന്നത്. കുട്ടികളുടേയും മുതിർന്നവരുടേയും സുരക്ഷയിൽ ഇരു വാഹനങ്ങളും 5 സ്റ്റാർ നേടി. മുതിർന്നവരുമായി ബന്ധപ്പെട്ട അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷൻ, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ എന്നിവയ്ക്ക് യഥാക്രമം 31.46/32, 45/49 എന്നിങ്ങനെയാണ് പോയിന്റുകൾ വാഹനം നേടിയത്. നെക്സോൺ ഇവിയുടെ സ്‌കോർ യഥാക്രമം 29.86/32, 44.95/49 എന്നിങ്ങനെയാണ്.
2023 ഓഗസ്റ്റിൽ ആരംഭിച്ച ഭാരത് എൻസിഎപി, 3,500 കിലോഗ്രാമിൽ താഴെയോ അതിന് തുല്യമോ ആയ മൊത്ത ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങളുടെ സുരക്ഷാ മൂല്യനിർണയമാണ് നടത്തുന്നത്. രാജ്യത്ത് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കേന്ദ്രസർക്കാർ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം നടപ്പാക്കിയത്.