കുവൈറ്റിൽ തീപിടുത്തമുണ്ടായ കെട്ടിടം മലയാളി വ്യവസായിയുടെ കീഴിലുള്ളത്; പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ്

കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിൽ. മാംഗാഫ് മേഖലയിലെ അപ്പാർട്ട്‌മെന്റിൽ ബുധനാഴച്ച രാവിലെയോടെയാണ് തീപടർന്നത്. ഏകദേശം 200 ജീവനക്കാർ ഈസമയം ഈ ആറു നില കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാർ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതൽ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടൽ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകൾ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

മരിച്ചവരിൽ ഭൂരിഭാഗവും കേരളം, തമഴിനാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് ഉത്തരവാദികൾ ആയവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ മേജർ ജനറൽ നാസർ അബു-സ്ലെയ്ബ് വ്യക്തമാക്കി.

Exit mobile version