രാജി സമർപ്പിച്ച് പ്രധാനമന്ത്രി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിയുടെ നിർദ്ദേശം

ഡൽഹി: മൂന്നാം തവണയും എൻഡിഎ സർ‌ക്കാർ അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബുധനാഴ്ച രാഷട്രപതി ഭവനിലെത്തിയാണ് മോദി രാജികത്ത് സമർപ്പിച്ചത്.

രണ്ടാം എൻഡിഎ സർക്കാരിന്റെ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജി സമർപ്പിക്കാനാണ് അദ്ദേഹം രാഷ്‌ട്രപതി ഭവനിൽ എത്തിയത്. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും രാജിക്കത്ത് കൈമാറുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നു.

പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നതിനൊപ്പം കൗൺസിൽ മെമ്പർമാരുടെ രാജിയും കൈമാറി. രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ കേന്ദ്രസർക്കാർ രൂപീകരിക്കുന്നത് വരെ ഓഫീസിൽ തുടരണമെന്ന് നരേന്ദ്രമോദിയോടും കൗൺസിൽ അം​ഗങ്ങളോടും ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി.

തുടർച്ചയായി മൂന്നാം വട്ടവും ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജൂൺ എട്ടിന് നടന്നേക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞടുപ്പിൽ 292 സീറ്റുകൾ നേടിയാണ് എൻഡിഎ സർക്കാരിന്റെ ഹാട്രിക് വിജയം.

241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നുവട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന നേതാവായി ഇതോടെ നരേന്ദ്രമോദി മാറും.

 

 

Exit mobile version