ലോക്സഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഫലം വരുമ്പോൾ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിൻറെ ഭാഗമാക്കാൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. നിലവിൽ എൻഡിഎ സഖ്യത്തിലുള്ള ടിഡിപിയെ ഇന്ത്യാ സഖ്യത്തിലെത്തിച്ചുകൊണ്ട് ഭരണം പിടിച്ചടക്കാനുള്ള ശ്രമം ഊർജിതമാണ്. അതേസമയം, ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനും ഭരണതുടർച്ച ഉറപ്പാക്കാനും ബിജെപിയും കരുക്കൾ നീക്കുന്നുണ്ട്. പുതിയ സർക്കാർ രൂപീകരണത്തിൽ ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എൻഡിഎ സഖ്യത്തിലും നിതീഷ് കുമാറിൻറെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിൻറെ ടിഡിപിയെയും പിടിച്ചുനിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിർണായകവുമാണ്. ഇതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെ ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാ പ്രദേശിന് കോൺഗ്രസിൻറെ ഗ്യാരണ്ടി എന്ന പേരിലാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് എക്സിലൂടെ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകുമെന്നും പത്തു വർഷം മോദി ചെയ്യാതിരുന്ന കാര്യങ്ങൾ നടപ്പാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.
2014 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മൻ മോഹൻ സിങ് ആന്ധ്രാ പ്രദേശിന് അഞ്ചു വർഷത്തേക്ക് പ്രത്യേക പദവി നൽകുമെന്ന് പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ അത് പത്തുവർഷമായി നീട്ടുകൊടുക്കുമെന്നാണ് ബിജെപി നേതാവ് വെങ്കയ്യ നായിഡു അന്ന് പറഞ്ഞിരുന്നത്. പിന്നീട് തിരുപ്പതിയിൽ വെച്ച് നരേന്ദ്ര മോദിയും ഇതേ വാഗ്ദാനം നടത്തിയെന്നും ജയറാം രമേശ് കുറപ്പിൽ വ്യക്തമാക്കി.
എന്നാൽ, കഴിഞ്ഞ പത്തുവർഷമായി മോദി സർക്കാർ ഇക്കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നും സാമ്പത്തികമായി തകർന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയുകയായിരുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2024ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനമെന്നും ഇത് നടപ്പാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.