മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വാരാണസി ലോക്‌സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മോഡി കുറഞ്ഞ ജയം. 2019-ലെ തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തിൽനിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്.

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ വാരാണസിയിൽ മോദി പിന്നിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയുടെ കുതിപ്പിനാണ് ആദ്യമണിക്കൂറിൽ വാരാണസി സാക്ഷ്യംവഹിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ പതിനായിരത്തിലേറെ വോട്ടുകൾക്ക് ലീഡ് നേടിയെങ്കിലും അത് നിലനിർത്താൻ അജയ് റായിക്കായില്ല. പിന്നാലെ നരേന്ദ്രമോദി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി അജയ് റായിക്ക് 4,60,457 വോട്ടും ലഭിച്ചു. 2

അതേസമയം, ഗുജറാത്തിലെ ഗാന്ധിനഗറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മിന്നുംജയം തുടർന്നു. ഏഴുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ വീണ്ടും ലോക്‌സഭയിലേക്ക് എത്തുന്നത്. അമിത് ഷായ്ക്ക് 10,10,972 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ സൊനാൽ രമാഭായ് പട്ടേലിന് 2,66,256 വോട്ട് മാത്രമാണ് കിട്ടിയത്. ഭൂരിപക്ഷം 7,44,716 വോട്ട്. കഴിഞ്ഞ തവണ 557,014 വോട്ടായിരുന്നു അമിത് ഷായുടെ ഭൂരിപക്ഷം.

Exit mobile version