ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോൾ ചടുല നീക്കമാണ് ഇൻഡ്യ മുന്നണി നടത്തുന്നത്. എൻഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാർട്ടികളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഫോണിൽ ബന്ധപ്പെട്ടെതായാണ് സൂചന. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുതൽ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കൾ ഇതിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ജെഡിയു, നവീൻ പട്‌നായികിന്റെ ബിജു ജനതാദൾ, എൽജെപി നേതാവ് ചിരാഗ് പസ്വാൻ തുടങ്ങിയവരുമായും ഖർഗെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവിൽ 543 സീറ്റിൽ 296 എൻഡിഎയും 230 ഇൻഡ്യ സഖ്യവും 17 സീറ്റിൽ മറ്റുള്ളവരുമാണ് മുന്നേറുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഖർഗെ ബന്ധപ്പടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദുത്വയും മുൻനിർത്തിയായിരുന്നു ബിജെപി പ്രചാരണം. 400 സീറ്റ് വരെ എൻഡിഎ നേടുമെന്നും നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. എന്നാൽ അന്തിമഫലം പുറത്ത് വരുമ്പോൾ എൻഡിഎക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ എൻഡിഎ ക്യാമ്പിലെ പാർട്ടികളെ പാളയത്തിലെത്തിക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ നീക്കം.
Discussion about this post