തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ വിയജം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ലീഡുനില 60,000 കഴിഞ്ഞു. തൊട്ടു പിന്നില്‍ എല്‍ഡിഎഫിലെ ആനി രാജയാണ്. രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. ഇത്തണ വയനാടിനു പുറമെ റായിബറേലിയിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.
രണ്ടിടത്തും വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാജിവയ്ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നേ അദ്ദേഹം കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തില്‍ ഹൈക്കമാന്‍ഡ് രാഹുലിനെ കേരളത്തിലേക്കെത്തിക്കുകയായിരുന്നു. രാഹുലിനെ മുന്‍നിര്‍ത്തി കേരളത്തിലെ പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.
മാത്രമല്ല എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ആലപ്പുഴയിലെത്തിച്ച് കോണ്‍ഗ്രസ് 20-20 വിജയം ഉറപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്തായാലും വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇനി റായിബറേലിയിലും വിജയിച്ചാല്‍ ഏതു മണ്ഡലം രാജിവയ്ക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.