ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 64.2 കോടി പേർ വോട്ടു ചെയ്തു. ഇത് ലോക റെക്കോർഡാണ്.
ജമ്മുകശ്മീരിൽ ഉൾപ്പെടെ ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടർമാരും യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ 2.5 ഇരട്ടി വോട്ടർമാരുമാണ്. വോട്ടെടുപ്പിലെ വനിതാ പങ്കാളിത്തത്തെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ 31.2 കോടി വനിതകൾ വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോർഡാണ്. വോട്ടു രേഖപ്പെടുത്തിയ എല്ലാവർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ സല്യൂട്ട് നൽകുന്നു. സംഭവബഹുലമായ വോട്ടെടുപ്പ് കാലം കഴിഞ്ഞു. സംതൃപ്തമായ ദൗത്യമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ചില ആരോപണങ്ങൾ വേദനിപ്പിച്ചു. മണിപ്പൂരിലടക്കം വലിയ സംഘർഷങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടന്നു. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കൾ, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തു. ജമ്മുകശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ സജ്ജമായതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.