കർണാടകയിൽ ബിജെപി കേന്ദ്രങ്ങളിൽ കോൺഗ്രസിന് ഞെട്ടിപ്പിക്കുന്ന ഫലം ഉണ്ടാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് രണ്ടക്ക സീറ്റുകളിലേക്ക് എത്തുമെന്ന് നൂറു ശതമാനം ഉറപ്പാണ്. അടിത്തട്ടിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശരാശരി 80 സീറ്റാണ് എക്സിറ്റ് പോൾ പറഞ്ഞത്, ഫലം മറിച്ചായിരുന്നുവെന്നും ശിവകുമാർ ഓർമിപ്പിച്ചു.
നാളെയാണ് രാജ്യം കാത്തിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധി. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാണ്.
ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് ഒടുവിൽ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തിൽ അടക്കം നിയന്ത്രണങ്ങൾ വേണമെന്ന് കമ്മീഷൻ രാഷ്ട്രീയപാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.