രണ്ട മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു. പ്രവേശനോത്സവത്തിന്റെ അകടമ്പടിയോടെ കുരുന്നുകൾ സ്‌കൂളിലേക്ക് പ്രവേശിച്ചു. മൂന്ന് ലക്ഷത്തോളം നവാഗതരാണ് ഒന്നാം ക്ലാസിൽ പ്രവേശനത്തിന് എത്തിയത്.
സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാവിലെ 9 മുതൽ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടന്നു. കാലവർഷമെത്തിയെങ്കിലും മിക്ക ജില്ലകളിലും കുട്ടികളുടെ പുത്തനുടുപ്പും പുത്തൻ കുടയും നനയ്ക്കാൻ മഴയെത്തിയില്ല. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു എന്ന പ്രത്യേകതയുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് ഇക്കൊല്ലം പുതിയ പുസ്തകങ്ങൾ എത്തിയത്.
ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.
പുതിയ അധ്യയനവർഷത്തിൽ 39.95 ലക്ഷം കുട്ടികളാണ് സ്‌കൂളിലെത്തുന്നത്. പ്രീ പ്രൈമറിയിൽ 1,34,763, പ്രൈമറിയിൽ 11,59,652, അപ്പർ പ്രൈമറിയിൽ 10,79,019, ഹൈസ്‌കൂളിൽ 12,09,882, ഹയർ സെക്കൻഡറി രണ്ടാംവർഷത്തിലേക്ക് 3,83,515, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷത്തിലേക്ക് 28,113 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. ഒന്നാംക്ലാസിൽ ഇതുവരെ 2,44,646 കുട്ടികൾ ചേർന്നു. അധ്യയനവർഷം ആരംഭിക്കുംമുമ്പേ അധ്യാപകർക്ക് നിർമിത ബുദ്ധിയിലടക്കം പരിശീലനം നൽകിയതായിരുന്നു.
സർക്കാർ മേഖലയിൽ 11,19,380, എയ്ഡഡിൽ 20,30,091, അൺ എയ്ഡഡിൽ 2,99,082 കുട്ടികളുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ ഈ മാസം 24ന് തുടങ്ങും. സംസ്ഥാനത്തെ കോളേജുകളിൽ ഒന്നാംവർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.
School re-opens.