ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുന്നൂറിനടുത്ത് സീറ്റുകൾ നേടി ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്നും തനിക്ക് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ മാത്രം മത്സരിക്കുന്ന ചെറിയ പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും പ്രധാമന്ത്രിയാകാൻ താൽപര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല.
ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് രക്ഷിക്കുകയാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും രാജ്യത്തെ നയിക്കാൻ ശക്തനായ നേതാവിനെ ലഭിക്കുമെന്നുമായിരുന്നു മറുപടി. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം തുടരുമോയെന്ന ചോദ്യത്തിനും, ഇപ്പോഴത്തെ ശ്രദ്ധ ഏകാധിപത്യ സർക്കാറിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാണെന്നായിരുന്നു മറുപടി.
220 സീറ്റിലേക്ക് ബി.ജെ.പി ചുരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെപിയിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും രണ്ട് മാസത്തിനകം യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കള്ളക്കേസും അറസ്റ്റും ജനങ്ങളെ രാഷോകുലരാക്കിയെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കെജ്‌രിവാൾ വ്യക്തമാക്കി.