ലോകസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് ഇന്ന് ആരംഭിച്ചു. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീറ്റുകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം ലക്ഷ്യമിടുന്ന വാരാണസിയിലും വോട്ടെടുപ്പ് തുടങ്ങി.
പഞ്ചാബ് (13), യുപി (13), ബംഗാൾ (9), ബിഹാർ (എട്ട്), ഒഡീഷ (ആറ്), ഹിമാചൽപ്രദേശ് (നാല്), ജാർഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.
യുപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളിലും ബംഗാളിൽ തൃണമൂൽ കോട്ടകളിലുമാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഇന്നു വൈകിട്ട് ആറിന് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.
Discussion about this post