ജൂൺ ഒന്നിന് ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മോദിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകൾ. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തെ സമാധാനപരമായി എതിർക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പ്രഖ്യാപിച്ചത്. 2021 ഡിസംബർ 9ന് ഞങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനാണ് കർഷകരുടെ നീക്കം. വ്യാഴാഴ്ച പട്യാലയിലും വെള്ളിയാഴ്ച ജലന്ധറിലും ഗുരുദാസ്പൂരിലും മോദി റാലികളിൽ പങ്കെടുക്കും. പഞ്ചാബിൽ നിന്നുള്ള 13 എംപിമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നാസിക്കിൽ മോദി പ്രസംഗിക്കവെ, കർഷകൻ ചോദ്യം ചോദിച്ച് അത് തടസപ്പെടുത്തിയിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മോദിക്ക് പ്രസംഗം തുടരാനായത്.
Discussion about this post