ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ഏറ്റവുമധികം സ്വാധീനമുള്ള മണ്ഡലങ്ങളാണ് യുപിയിലെ അമേഠിയും റായ്ബറേലിയും. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, ഇരു മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കഴിഞ്ഞതവണ അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റതിന് പിന്നാലെ റായ്ബറേലിയിലും തോൽക്കുന്നതു രാഹുലിന്റെ രാഷ്ട്രീയഭാവിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നതിനാൽ, സർവകരുത്തുമെടുത്താണ് ഇക്കുറി കോൺഗ്രസ് പോരിനിറങ്ങിയത്. രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥി Dinesh Pratep Singh കോൺഗ്രസ് കുത്തക പൊളിച്ച് മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മൂന്ന് തവണ മാത്രമാണ് കോൺഗ്രസിന് റായ്ബറേലി നഷ്ടമായത് – 1977, 1996, 1998. 2004. 80 മണ്ഡലങ്ങളുള്ള യുപിയിൽ ഇപ്പോൾ കോൺഗ്രസിന്റെ കൈവശമുള്ളത് റായ്ബറേലി മാത്രം. അതുംകൂടി പിടിച്ചെടുത്ത് യുപി അടക്കിവാഴാനാണ് ബിജെപിയും യോഗി ആദിത്യനാഥും കിണഞ്ഞ് ശ്രമിക്കുന്നത്.
എന്നാൽ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) പിന്തുണ റായ്ബറേലിയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. റായ്ബറേലി ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട 5 നിയമസഭാ മണ്ഡലങ്ങളിൽ നാലും എസ്പിയുടെ പക്കലാണ്. മണ്ഡലത്തിൽ ഗാന്ധി കുടുംബത്തിനുള്ള സ്വീകാര്യതയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ജയമുറപ്പിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധി 101 ശതമാനവും ജയമുറപ്പിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം നാല് ലക്ഷത്തിനപ്പുറം കടത്തുകയാണ് ലക്ഷ്യമെന്നവർ പറയുന്നു.
2019 ൽ രാഹുലിനെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി പിടിച്ചെടുത്ത അമേഠിയിൽ ഇക്കുറി രാഹുൽ മത്സരിക്കാത്തതു പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ടെങ്കിലും ജയിച്ചുകയറാനുള്ള സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിശോരിലാൽ ശർമയ്ക്കു മണ്ഡലത്തിലുടനീളം വലിയ സ്വാധീനമില്ല. എന്നാൽ, പ്രിയങ്ക ഗാന്ധി നടത്തിയ ഊർജിത പ്രചാരണവും പ്രാദേശിക ബിജെപി നേതൃത്വവുമായി സ്മൃതി ഇറാനി അകന്നതും കോൺഗ്രസിനു ഗുണം ചെയ്യുമെന്നു പാർട്ടി കരുതുന്നു.
റായ്ബറേലിയിലും അമേഠിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് അമാന്തിച്ചത് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. കാര്യങ്ങൾ വെച്ചു താമസിപ്പിച്ച് എങ്ങിനെ കുളമാക്കാം എന്ന വിഷയത്തിൽ കോൺഗ്രസ് ഗവേഷണം നടത്തുകയാണോ എന്നു ചോദിച്ചവരുണ്ട്. ആർ.എസ്.എസിനെയും ബി.ജെ.പിയേയും ഞെട്ടിപ്പിക്കാനാണ് കോൺഗ്രസ് റായ്ബറേലിയിലും അമേത്തിയിലും അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയതെന്ന് കെ.സി. വേണുഗോപാലിനെപ്പോലുള്ളവർ പറയുന്നു. സത്യത്തിൽ ആർക്കെങ്കിലും ഞെട്ടാനുള്ള വകുപ്പ് കോൺഗ്രസ് തീരുമാനത്തിലുണ്ടോ എന്നു ചോദിച്ചാൽ കൈമലർത്തുകയേ നിവൃത്തിയുള്ളൂ.
എന്തായാലും റായ്ബറേലി ഒരിക്കൽക്കൂടി നെഹ്റു കുടുംബത്തെ ആശീർവദിക്കുമോ എന്നതു പോലെ അമേഠി തിരിച്ചുപിടിക്കുമോ എന്നതും യുപി കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയത്തിൽ പാർട്ടിക്കു സംശയമൊന്നുമില്ല. റായ്ബറേലിയിൽ ജയിച്ചാൽ കേരളത്തിലെ മണ്ഡലം വിടുമോ എന്നതാണു സമീപദിവസങ്ങളിൽ ഉയർന്നുവന്ന ചോദ്യം. കുടുംബത്തിന്‍റെ പരമ്പരാഗത സീറ്റ് നിലനിർത്താനേ അദ്ദേഹം തയാറാവൂ എന്നു കരുതുന്നവർ ഏറെയാണ്. 1980ലെ തെരഞ്ഞെടുപ്പിൽ രണ്ടിടത്തു മത്സരിച്ചു ജയിച്ച ഇന്ദിര ഗാന്ധി റായ്ബറേലി ഒഴിഞ്ഞ് ആന്ധ്രയിലെ മേഡക്ക് മണ്ഡലം നിലനിർത്തിയ ചരിത്രമുണ്ട്. 1999ൽ രണ്ടു സീറ്റിൽ മത്സരിച്ച സോണിയ ഗാന്ധി കർണാടകയിലെ ബെല്ലാരി ഒഴിഞ്ഞ് അമേഠി നിലനിർത്തിയ ചരിത്രവുമുണ്ട്. അമ്മയുടെ മാർഗം സ്വീകരിച്ച് യുപിയിലെ സീറ്റ് നിലനിർത്താനാണ് രാഹുൽ തയാറാവുന്നതെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പും ആവശ്യമായി വരും. റായ്ബറേലിയിൽ തോൽവിയാണു ഫലമെങ്കിൽ അതു യുപിയിലെ കോൺഗ്രസിന്‍റെ ശേഷിച്ച അടിത്തറ കൂടി ഇളകിപ്പോയി എന്നു തെളിയിക്കുന്നതുമാവും. ദേശീയ തലത്തിൽ ശക്തമായ തിരിച്ചുവരവു നടത്തണമെങ്കിൽ യുപിയിൽ കാലുറപ്പിച്ചേ കഴിയൂ. അതിന് കോൺഗ്രസിന് സാധിക്കുമോയെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം.
Discussion about this post