ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് അറിയിച്ചു. മാനഹാനിക്കും ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരുൾപ്പെടെ ഉള്ളവർക്കെതിരെയായിരുന്നു ഇപി ജയരാജന്റെ പരാതി.
ബി.ജെ.പിയിൽ ചേരാനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ തൊടുത്തുവിട്ട ആരോപണം കെ.സുധാകരൻ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദമായത്. ആരോപണത്തിന് പിന്നാലെ ജാവഡേക്കർ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തൽ വോട്ടെടുപ്പ് ദിവസത്തിൽ സിപിഐഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്നെന്ന് ജയരാജൻ ആരോപിച്ചു.
തുടർന്നാണ് ഇപി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയത്. ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രൻ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമാണ് ജയരാജന്റെ പരാതി. ഇതിലാണ് ഇപ്പോൾ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചത്.