സിനിമതാരങ്ങൾക്ക് കാരവാന് പുറത്തുള്ളതെല്ലാം വിസ്മയലോകമാണ്. കാമറയ്ക്ക് മുന്നിൽ നിന്ന് മാറിയാൽ അവരൊക്കെ പിന്നൊരു ജോളി മൂഡിലാണ്. നടിയും ബി.ജെ.പി മാണ്ഡി ലോക്‌സഭ സ്ഥാനാർഥിയുമായ കങ്കണ റണാവത്തിന്‍റെ എക്സ് പോസ്റ്റ് വായിച്ചാൽ ഇത് മനസിലാകും.കാരണം ഹിമാചലലിലെ മാണ്ഡിയിൽ സ്ഥാനാർത്ഥിയായി നിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കങ്കണ, പോസ്റ്റിലെഴുതിയത് മുഴുവനും ഒരു ടൂറിസ്റ്റിന്റെ മനോഭാവത്തോടെയാണ്. പതിവ് പോലെ പോസ്റ്റ് മൊത്തോം മണ്ടത്തരമായിരുന്നു കേട്ടോ.
കങ്കണയുടെ പോസ്റ്റ് ഇതാണ്. ‘ചമ്പ, കശ്മീർ, സ്പിതി എന്നിവയുടെ അതിർത്തിയിലാണ് പാംഗി സ്ഥിതി ചെയ്യുന്നത്. കശ്മീർ, ഹിമാചൽ പ്രദേശങ്ങളുടെ മനോഹരമായ സങ്കരമാണിത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്ന്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് വികസിക്കും’ എന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
പോസ്റ്റിനെ പരിഹസിച്ച് ആദ്യം രംഗത്തെത്തിയത് കോൺഗ്രസ് ഹിമാചൽ ഘടകമാണ്. ‘കങ്കണ ജി ശരിക്കും അവധിക്കാലം ആഘോഷിക്കാനാണ് ഇവിടെ വന്നത്. പാംഗി കശ്മീരിന് സമീപമല്ല. ജമ്മുവിലാണെന്ന് അവർക്ക് അറിയില്ല. 2014ന് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന പ്രസ്താവനയിൽ നിന്ന് അവരുടെ അറിവ് വ്യക്തമാണ്.’
പിന്നാലെ കങ്കണയെ കണക്കറ്റ് വിമർശിച്ച് ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവും രംഗത്തെത്തി. ‘ഇപ്പോൾ പറയൂ! ഹിമാചലിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത ഒരാൾക്ക് നിങ്ങളുടെ വോട്ട് പാഴാക്കുന്നത് കൊണ്ട് എന്ത് പ്രയോജനമെന്നാണ് ചോദ്യം. മാഡം ഒരു മാസത്തെ അവധിക്ക് ഇവിടെ വന്നിട്ടുണ്ട്, ആഘോഷം കഴിഞ്ഞ് തിരികെ മുംബൈക്ക് പോകുമെന്നാണ് കോൺഗ്രസ് ഹിമാചൽ ഘടകം എക്സിൽ കുറിച്ചത്.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി-എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ 2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയതെന്ന കങ്കണയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 2022ലും സമാനമായ മണ്ടത്തരം കങ്കണ നടത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമരസേനാനികളെയും കങ്കണ അപമാനിച്ചെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം.
കോൺഗ്രസ് ശക്തികേന്ദ്രമായ ഹിമാചലിലെ മാണ്ഡിയിലാണ് ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണക്കെതിരെ കോൺഗ്രസ് കളത്തിലിറക്കിയത്.
ഹിമാചൽ പ്രദേശിലെ ചമ്പ താലൂക്കിൽ ഉൾപ്പെടുന്ന താഴ്വരയാണ് പാംഗി. സമുദ്രനിരപ്പിൽ നിന്ന് 7,000 അടി മുതൽ 11,000 അടി വരെ ഉയരത്തിലാണ് ഭട്ടോരി താഴ്‌വരകളുള്ളത്. സുരൽ ഭട്ടോരി, ഹുദാൻ ഭട്ടോരി, കുമാർ ഭട്ടോരി, ഹിലു തുവാൻ ഭട്ടോരി, ചസാഗ് ഭട്ടോരി എന്നിങ്ങനെയാണ് പാംഗി താഴ്വരയെ തരംതിരിച്ചിരിക്കുന്നത്.