പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി സംവാദത്തിന് വരില്ല. കാരണം രാഹുൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മോദിജി അല്പം വിയർക്കേണ്ടി വരുമെന്നത് തന്നെ. രാജ്യത്തിന്റെ എയർപോർട്ടും സമ്പത്തും പ്രതിരോധ സംവിധാനവുമെല്ലാം സമ്മാനിക്കാൻ മാത്രം മോദിജിക്ക് അദാനിയുമായി എന്താണ് ബന്ധം? ഇതായിരിക്കും രാഹുൽ മോദിജിയോട് ആദ്യം ചോദിക്കുക.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ വിളിച്ചുവരുത്തി മോദിജി സമൂസ നൽകി സൽക്കരിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തി കൈവശപ്പെടുത്തി താവളമടിച്ചിരിക്കുന്നു. ഇതെക്കുറിച്ചെന്താണ് പറയാനുള്ളതെന്നാവും മറ്റൊരു ചോദ്യം.
മോദിജി താങ്കളെന്തിനാണ് അഗ്നിവീർ പദ്ധതി കൊണ്ടുവന്ന് രാജ്യത്ത് രണ്ടുതരം സൈനികരെ സൃഷ്ടിക്കുന്നത്. ഇതുകൊണ്ട് ആർക്കാണ് ഗുണമെന്ന് രാഹുലിനും രാജ്യത്തെ ജനങ്ങൾക്കും അറിയണം.
ചോദ്യങ്ങൾ ഇതൊക്കെ ആയതിനാൽ തന്നെ രാഹുൽ ഗാന്ധിക്ക് ഉറപ്പാണ് മോദിജി ഒരിക്കലും സംവാദത്തിന് വരില്ലെന്ന്. മോദി പറയുന്ന സ്ഥലത്ത് മോദി നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് രാഹുൽ റെഡിയാണ്. പക്ഷേ, മോദി വരില്ല. മോദി വന്നാൽ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം രാഹുൽ ചോദ്യങ്ങൾ ഉന്നയിക്കും.
മോദി പ്രവർത്തിക്കുന്നത് മുതലാളിമാർക്ക് വേണ്ടിമാത്രമാണ്. കഴിഞ്ഞ പത്തുവർഷവും ലാഭമുണ്ടാക്കിയത് അദാനിയാണെന്ന് വോട്ട് ചെയ്യാനെത്തുമ്പോൾ ഓർക്കണം. ചാന്ദ്‌നി ചൗക്കിലെ സാധാരണ കച്ചവടക്കാർക്ക് വേണ്ടി മോദി എന്താണ് ചെയ്തതെന്നും രാഹുൽ ചോദിച്ചു. ജി.എസ്.ടിയും നോട്ട് നിരോധനവും ബാധിച്ചത് ചെറുകിട കർഷകരെ മാത്രമാണ്. അംബാനിയുടേയും അദാനിയുടേയും ബില്യൺ കണക്കിന് രൂപ മോദി എഴുതി തള്ളി. റെയിൽവേയും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുകയാണ് മോദി ചെയ്യുന്നത്. ഇലക്ടറൽ ബോണ്ട് ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മോദി പണം കൊള്ളയടിച്ചു. ഇതിനായാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. ജി.എസ്.ടിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ചെറുകിട കച്ചവടക്കാർക്ക് വളരാനാവുവെന്നും അതിലൂടെ മാത്രമേ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുവെന്നും രാഹുൽ പറഞ്ഞു.
അതോടൊപ്പം ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുമെന്നും ഈ കുടുംബങ്ങളിൽ നിന്ന് ഓരോ സ്ത്രീയെ വീതം തിരഞ്ഞെടുത്ത് ആ സ്ത്രീയുടെ അക്കൗണ്ടിൽ പ്രതിവർഷം 1 ലക്ഷം രൂപ ഇന്ത്യാമുന്നണി നൽകുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷവും മോദി സർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ചെയ്തതെല്ലാം 22 മുതൽ 25 വരെ അതിസമ്പന്നർക്ക് വേണ്ടിയാണ്. അവർക്ക് വേണ്ടി എഴുതിത്തള്ളിയ തുകയുണ്ടായിരുന്നെങ്കിൽ രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 24 തവണ വേതനം നൽകാമായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.
മെയ് 25 നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. ഡൽഹിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ നാല് സീറ്റുകളിൽ കോൺഗ്രെസും ബാക്കി മൂന്ന് സീറ്റുകളിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. ഞാൻ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യും കെജ്‌രിവാൾ കോൺഗ്രസിനും വോട്ടുചെയ്യുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
മോദിയുടെ മണ്ടത്തരങ്ങളെയും രാഹുൽ കണക്കറ്റ് പരിഹസിച്ചു. മേഘത്തിന്റെ മറവിൽ യുദ്ധവിമാനം പറത്തിയാൽ റഡാറിൽ വരില്ലെന്നതടക്കമുള്ള മണ്ടത്തരങ്ങൾ മോദി മുമ്പ് വിളമ്പിയിട്ടുണ്ട്. തന്റെ ചെറുപ്പത്തിൽ ഈദിന് മുസ്ലിം സഹോദരങ്ങൾ വീട്ടിൽ ഭക്ഷണമെത്തിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ശുദ്ധ വെജിറ്റേറിയനായ മോദി എങ്ങനെയാകും അത് സ്വീകരിച്ചിട്ടുണ്ടാകുകയെന്നും രാഹുൽ ചോദിച്ചു. കൊവിഡ് വൈറസിനെതിരെ പാത്രം കൊട്ടിയതും ടോർച്ച് കത്തിച്ചതുമൊക്കെ എന്തിനായിരുന്നുവെന്നും രാഹുൽ ചോദിക്കുന്നു.
ഒരു സൈഡിൽ മോദി തിരഞ്ഞെടുപ്പ് റാലികളിൽ വർഗ്ഗീയ വിഷം തുപ്പിക്കൊണ്ടിരിക്കെ, വെറുപ്പിന്റെ ബസാറിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് രാഹുൽ ഗാന്ധി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുന്നയിച്ച് രാഹുൽ മുന്നേറുമ്പോൾ തുറന്നുകാട്ടപ്പെടുന്നത് മോദിയുടെ പൊള്ളത്തരങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post