പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തി കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. പ്രതിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡൽഹി നിർഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാർ, എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെയ്ക്കുകയും ചെയ്തു.
2017 ഡിസംബറിൽ ആണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതി അമീറുൾ ഇസ്ലാം കേസിൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു അന്നത്തെ വിചാരണ. ഒന്നര വർഷത്തിൽ അധികം നീണ്ട വിചാരണയ്ക്ക് ഒടുവിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാൽ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയായ പെൺകുട്ടി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ആഴത്തിൽ ഏറ്റ മുറിവുകൾ ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുൻപ് യുവതി പ്രതിയുടെ കൈയ്യിൽ കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎൻഎ ഒരുപോലെയായി. അമീറുൾ ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ചു. അമീറുൾ ഇസ്ലാമിന്റെ ചെരുപ്പിൽ നിന്നും യുവതിയുടെ ഡിഎൻഎ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ നിന്നും യുവതിയുടെ ഡിഎൻഎ സാമ്പിൾ ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷൻ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.
Discussion about this post