തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡ് കൂടും; മന്ത്രിസഭായോഗ തീരുമാനം

തദ്ദേശവാർഡുകളിലെ വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് ഇറക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് കൂടും. വാർഡ് പുനർനിർണയിക്കാൻ കമ്മീഷൻ രൂപീകരിക്കും.

അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടാൻ തീരുമാനം. ഇതോടെ 1200 വാർഡുകളാണ് പുതുതായി രൂപപ്പെടുന്നത്. ജനസംഖ്യ വർധിച്ചെന്ന് വിലയിരുത്തിയാണ് വാർഡുകൾ പുനർനിർണയിക്കുന്നത്. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും 2025 ൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

1200 അംഗങ്ങൾ വർദ്ധിക്കുന്നതോടെ ഇവർക്ക് ഓണറേറിയം നൽകാൻ മാത്രം അഞ്ചു വർഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വാർഡ് പുനർനിർണയത്തിൽ സർക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2010ലാണ് അവസാനമായി വാർഡുകളുടെ പുനർനിർണയം നടന്നത്.

Exit mobile version