ജിഷ വധം; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിൻറെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിറക്കും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.

2016 ഏപ്രിൽ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുമ്പാവൂരിൽ ഇരിങ്ങോൾ എന്ന സ്ഥലത്ത് കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജിഷ എന്ന നിയമവിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുൾ ഇസ്ലാം പിടിയിലായത്.

തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുൾ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകതം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലിൽ അമീറുൽ ഇസ്ലാം പറഞ്ഞു വയ്ക്കുന്നത്.

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതിയും ആവശ്യമാണ്. ഇത് അനുസരിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Exit mobile version