വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരം മുഖ്യമന്ത്രിയും കുടുംബവും വിമാനത്താവളത്തിൽ എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിൻറെയും മടക്കം. ഈ മാസം 21ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭാര്യ കമലയും മകൾ വീണയും ഭർത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസും മകൻ വിവേകും ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയിൽ ഉണ്ടായിരുന്നു.
ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ രാജ്യങ്ങളിലായിരുന്നു സന്ദർശനം. സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ, ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.