ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ നിലവിലെ കോച്ചാണ് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് ടീമിന് പുതിയ പരിശീലകനെ തേടുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ജൂണിൽ കരാറിന്റെ കാലാവധി അവസാനിക്കുന്ന ദ്രാവിഡിന് വീണ്ടും അപേക്ഷ നൽകാമെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ദ്രാവിഡിന്റെ കരാർ ജൂൺ മാസത്തിൽ അവസാനിക്കും.
പുതിയതായി വിദേശ പരിശീലകൻ എത്തുന്നതിലുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞിരുന്നില്ല. ‘ദ്രാവിഡിന്റെ കാലാവധി ജൂൺ വരെ മാത്രമാണ്. താത്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ല. അത് ബിസിസിഐയുടെ ഉപദേശക സമിതിയായ സിഎസി (ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി) ആണ് തീരുമാനിക്കുന്നത്.’ എന്നും ജയ് ഷാ വ്യക്തമാക്കി.