ജീവനക്കാരുടെ സമരം തീർന്നിട്ടും എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതായി വിമർശനം

Criticism of canceling Air India services even though the strike of the employees is over

കണ്ണൂർ: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ റദ്ദാക്കുന്നതു തുടരുന്നു. കണ്ണൂരിൽനിന്നുള്ള 2 സർവീസുകൾ ഇന്നും റദ്ദാക്കി. ദമാം, അബുദാബി സർവീസുകളാണ് ഇന്ന് സർവീസ് നടത്താത്തത്. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.20നുള്ള അബുദാബി വിമാനങ്ങളാണു സർവീസ് നടത്താത്തത്. വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ പറയുന്നു. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ദുരിതത്തിലായി. കണ്ണൂരിൽ ഇന്നലെ നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാർജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതേതുടർന്ന് ഇന്നലെ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയത്.

ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ സർവീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിൻ ക്രൂ ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

ഫ്ളൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിച്ച് സമരം പിൻവലിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സർവീസുകൾ മുടങ്ങിയിരിക്കുകയാണ്.

Exit mobile version