28 വർഷങ്ങൾ പിന്നിട്ട് ഇന്ത്യൻ; രണ്ടാം ഭാഗം റിലീസ് ജൂൺ 14 ന്

ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. 1996-ൽ വൻ വിജയമായിരുന്ന ശങ്കർ കമലഹാസൻ കൂട്ടുകെട്ടിൽ പിറന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇപ്പോഴിതാ ചിത്രം 28 വർഷം തികഞ്ഞ വേളയിൽ അണിയറപ്രവർത്തകർ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നു. കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ വിഡിയോയിൽ ഉണ്ട്. അഴിമതിക്കെതിരെ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സേനാപതി നടത്തുന്ന പോരാട്ടം ഇതിവൃത്തമായ ചിത്രം അന്നുവരെ റീലീസ് ആയതിൽവച്ച് ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. രജനികാന്തിന്റെ ‘ബാഷ’യെ ആണ് ഇന്ത്യൻ മറികടന്നത്. ഇരട്ട വേഷത്തിലാണ് കമൽഹാസൻ ചിത്രത്തിൽ എത്തിയത്.

ജൂൺ 14-ന് ചിത്രം റിലീസിന് ആകും. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൾ അഗർവാൾ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവരാണ് കമലഹാസനെ കൂടാതെ ചിത്രത്തിൽ അണിനിരക്കുന്നത്. ബി. ജയമോഹൻ, കലിബൻ വൈരമുത്തു, ശങ്കർ, ലക്ഷ്മി ശ്രാവണ കുമാർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.

ഒന്നാം ഭാഗത്തിൽ എ.ആർ റഹ്‌മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ ട്രെൻഡ് സെറ്റെർ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതം നൽകുന്നത്. ഇതിനിടെ ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ ഒതുങ്ങില്ലെന്നും മൂന്നാം ഭാഗമുണ്ടാവുമെന്നാണ് കമൽ വ്യക്തമാക്കിയിരുന്നു.

28 Years of Indian film. Indian 2 coming soon.

Exit mobile version