ഡൽഹി : ത്രോവിങ് പിറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഈ മാസം മെയ് 10 ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നിരജ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്. 2022ൽ നേടി 2023ൽ ചെറിയ അകലത്തിൽ നഷ്ടമായ ഡയമണ്ട് കിരീടം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ശേഷം ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും താരം പങ്കെടുക്കും.ജൂലായിൽ നടക്കാനിരിക്കുന്ന വരുന്ന പാരിസ് ഒളിമ്പിക്സിലും തന്റെ സ്വർണ്ണ നേട്ടം ആവർത്തിക്കുമെന്നും തിരിച്ചു വരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിരുന്ന ഇന്ത്യൻ താരങ്ങളായ കിഷോർ ജെന, ഡി പി മനു തുടങ്ങിയവരും ഈ രണ്ട് ടൂർണമെന്റുകളിൽ പങ്കെടുക്കും. പാരീസിലെ ഒളിംപിക്സ് മെഡൽ ആണ് ഇവരുടെ ലക്ഷ്യം. 2023ൽ ബുഡാപെസ്റ്റിൽ 88.17 മീറ്റർ എറിഞ്ഞു നീരജ് ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണം നേടിയിരുന്നു. 2021ൽ ടോക്കിയോയിൽ വെച്ചാണ് നീരജ് ആദ്യമായി സ്വർണം നേടുന്നത്.
ടോക്കിയോ ഒളിമ്പിക്സിനുശേഷം 2022ൽ നടന്ന ഒറീഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. 2023 ആഗസ്റ്റിൽ ഹംഗറിയിലത് സ്വർണമാക്കി. ശേഷം നടന്ന സൂറിച്ചിലെ ഡയമണ്ട് ലീഗിൽ വെള്ളി നേടി. ഇപ്പോൾ ആ വെള്ളി സ്വർണമാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ ഡയമണ്ട് സീസണിനൊരുങ്ങുകയാണ് നീരജ്. പാരീസ് ഒളിമ്പിക്സിന് മുമ്പ് തന്റെ സ്വപ്ന ദൂരമായ 90 മീറ്റർ മറികടക്കുക എന്നതാണ് മെഡൽ നേടുന്നതിനേക്കാൾ വലിയ ലക്ഷ്യമെന്നും നീരജ് പറയുന്നു.
Discussion about this post