പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വ്യക്തതയ്ക്കായി ഡൽഹി എയിംസിൽ നിന്നും വിദഗ്‌ധോപദേശം തേടി സിബിഐ. സിദ്ധാർത്ഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചു. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കി അതിവേഗത്തിലാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഏപ്രിൽ ആറിനാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. എസ്പി എം സുന്ദർവേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് മരണപ്പെട്ടതെന്നായിരുന്നു പരാതി. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാർത്ഥന്റെ മരണം ഗുരുതര സംഭവമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
Discussion about this post