കോവിഷിൽഡ് വാക്സിൻ പിൻവലിച്ച് നിർമ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. പാർശ്വഫലങ്ങളുണ്ടെന്ന പരാതികൾ വ്യാപകമാകുന്നതിനിടെയാണ് കമ്പനിയുടെ ഈ നടപടി. ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാർക്കറ്റിൽ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
51 പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയിൽ നിന്നാണ് ആദ്യമായി ഉയർന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയിൽ പാർശ്വഫലങ്ങളുള്ളതായി സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് നൽകിയതും കൊവിഷീൽഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകൾ മാർക്കറ്റിലുണ്ട്, തങ്ങളുടെ വിൽപന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നുവെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പിൽ വാക്സിൻ പിൻവലിക്കാൻ അനുമതി നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോൾ.
പാർശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവർത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂർവം പേരിൽ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയിൽ അറിയിച്ചിരുന്നത്.
AstraZeneca company says it will withdraw Covid-19 vaccine globally.