ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിടാൻ കോൺഗ്രസ്.അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നറിയാം.അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ സീറ്റുകളിലേക്ക് നാമനിർദേശ പത്രിക നൽകാനുള്ള തീയതി വെള്ളിയാഴ്ച അവസാനിക്കുകയാണ്.അതിനാൽ വ്യാഴാഴ്ച തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാൻ വരണമെന്നാണ് യു പി യിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണെന്നാണ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
നിലവിൽ പ്രചാരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രിയങ്ക.അതെസമയം വയനാടിന് ശേഷം അമേഠിയിലും മത്സരിക്കുക, 2019ൽ തോറ്റ അമേഠി വിട്ട് റായ്ബറേലിയിൽ മത്സരത്തിനിറങ്ങുക, രണ്ടാം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങുക, ഇവയാണ് ഹുലിൻ്റെ കാര്യത്തിൽ സാധ്യതകൾ.
മത്സരിക്കാൻ തീരുമാനിച്ചാൽ രാഹുലിനും കോൺഗ്രസിനും മുന്നിൽ കടമ്പകൾ നിരവധിയാണ്. രണ്ടാഴ്ച കൊണ്ട് മണ്ഡലത്തിൽ പ്രചാരണം നടത്തി കളം പിടിക്കണം. അതേസമയം വരാനിരിക്കുന്ന മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മറ്റ് സംസ്ഥാനങ്ങളിൽ സജീവമാകാനും കഴിയില്ല.
രാഹുലിൻ്റെയും പ്രിയങ്കയുടെയും അഭിപ്രായം അറിഞ്ഞ ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാകും അന്തിമ തീരുമാനം എടുക്കുക. ഇരുവരും മത്സരിക്കാനില്ലെങ്കിൽ ഗാന്ധി കുടുംബത്തിൻ്റെ ഈ സ്വന്തം മണ്ഡലങ്ങളിൽ ആ മേൽവിലാസത്തിന് പുറത്തുള്ള ആളെ കണ്ടെത്തുകയും വേണം.
സ്ഥാനാർഥിത്വത്തിൽ സസ്പെൻസ് തുടരുമ്പോൾ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ഇന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രഖ്യാപനം കാത്ത് നിന്ന ബിജെപിയും റായ്ബറേലിയിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്ക്, റായ്ബറേലി എംഎൽഎ അദിതി സിംഗ്, 2019-ൽ മത്സരിച്ച ദിനേഷ് പ്രതാപ് സിംഗ് എന്നിവരിൽ ഒരാളാകും ബിജെപി സ്ഥാനാർത്ഥിയെന്നാണ് സൂചന.
Congress to put an end to discussions and rumors regarding the candidacy of Amethi and Rae Bareli seats in the Lok Sabha elections. The final decision on whether Rahul will contest in Amethi and Priyanka in Rae Bareli will be known today.
Discussion about this post