മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്ക് കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ നൽകിയില്ലെന്ന വിവാദം വീണ്ടും പുകയുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മനാണ് പിതാവിന് കൊവിഡ് വാക്സിൻ നൽകിയില്ല, അതിനു കാരണം ഇതാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. രാജ്യത്ത് വാക്സിൻ വിവാദം ചർച്ചയായ സാഹചര്യത്തിലാണിത്. പിതാവ് ഉമ്മൻ ചാണ്ടി കോവിഡ്
വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിന്റെ് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ എംഎൽ.എ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയിരുന്നു. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നുമാണ് ഇപ്പോൾ ചാണ്ടി ഉമ്മൻ അവകാശപ്പെടുന്നത്. പിതാവിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നൽകാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം .ഉമ്മൻചാണ്ടിയുടെ ചികിൽസ വിവാദമാക്കിയവർ മാപ്പുപറയണമെന്നും ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീൽഡ് വാക്സീൻ അവതരിപ്പിച്ചത്.
ഇതോടെ വാക്സിൻ വിവാദം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തി . ഇതാണോ മോദിയുടെ ഉറപ്പെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി ബിജെപി കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി എന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.ബിജെപി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 50 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് കൈപ്പറ്റിയിട്ടുള്ളതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതേസമയം, ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം.
Discussion about this post