‘വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും’ KSEB ഉന്നതതല യോഗം നാളെ

തിരുവനന്തപുരം: വൈദ്യുതി ഉപയോ‌​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷമം പരിഹരിക്കാൻ ആവില്ലെന്ന് പറഞ്ഞ മന്ത്രി ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണമെന്നും ആവശ്യപ്പെട്ടു.

എല്ലാ റെക്കോഡുകളും മറികടന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുകയറിയതോടെ, ഇനി പവർ കട്ട് ഇല്ലാതെ മറ്റ് മാർഗമല്ലെന്നാണ് കെഎസ്ഇബി നിലപാട്. പലയിടത്തും വൈദ്യുതി വിതരണം ഇടയ്ക്ക് ഇടയ്ക്ക് തടസ്സപ്പെടുന്നതിന് കാരണം, ഓവർ ലോഡ് തങ്ങാനാകാത്തതാണ് എന്നാണ് കെഎസ്ഇബി വിശദീകരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. ഫീഡറുകളിൽ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്ഇബി ഉന്നതതല യോഗം ചേരും.

Exit mobile version