എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ സിപിഐക്കും അതൃപ്തി. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ പി ജയരാജനെതിരെ സിഐഎഎം നടപടിയെടുക്കുന്നത് കാക്കുകയാണ് സിപിഐ വ്യക്തമാക്കി. ഇപി ജയരാജന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
സിപിഐഎമിലെ പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇപി ജയരാജന് എതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുന ധനമന്ത്രിയും ലോക്സഭാ സ്ഥാനാർത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.
ഇപി മാത്രമല്ല, കൂടുതൽ പേരുമായി ചർച്ച നടത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം. കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്കെത്തിക്കാൻ നടന്നിട്ട് ഒടുവിൽ സിപിഐഎമ്മിന്റെ നേതാക്കളാണ് കൊഴിഞ്ഞു പോകുന്നതെന്ന പരിഹാസമാണ് യുഡിഎഫ് നേതൃത്വങ്ങളിൽ നിന്നുയർന്നത്. ഇതിനിടെ നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിലയിരുത്തലിന് പുറമെ ഇപി വിഷയം ചർച്ചയാകുമെന്നാണ് കരുതുന്നത്. ഇപിക്കെതിരെ നടപടിയുണ്ടാകുമോ എന്നും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.