ഡൽഹി: സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ച തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാദമായതിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അമർഷമെന്ന് റിപ്പോർട്ട്. ചർച്ചയ്ക്ക് ഇടനിലക്കാരനായിരുന്നത് വിവാദനായകനായ ദല്ലാൾ നന്ദകുമാറാണെന്നത് കേന്ദ്രനേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഒരു സിപിഎം നേതാവിനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ നന്ദകുമാർ വൻതുക ചോദിച്ചതായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തന്നെ വ്യക്തമാക്കിയത് കോടികൾ നൽകിയാണ് പാർട്ടിയിലേക്ക് നേതാക്കളെ കൊണ്ടുവരുന്നതെന്ന ദേശീയ പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലായിപ്പോയെന്നാണ് കേന്ദ്രനേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കർ ഇത്തരം ഓപ്പറേഷൻ നടത്തിയെന്ന ആരോപണവും സിപിഎം നേതാവ് ഇ.പി.ജയരാജനെ താൻ കണ്ടിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ സമ്മതിച്ചതും പാർട്ടിക്ക് വലിയ അവമതിപ്പാണുണ്ടാക്കിയതെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇത്തരം നീക്കങ്ങളെല്ലാം സംസ്ഥാന നേതൃത്വം അറിഞ്ഞ് കൊണ്ടായിരുന്നുവെന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ പ്രസ്താവനയോടെ ഇതെല്ലാം ഔദ്യോഗികമായി തന്നെയാണ് നടന്നതെന്ന് വ്യക്തമാക്കുന്നതുമായി മാറി.
കേരളത്തിലേക്ക് 100 കോടിയുമായി വന്ന ഹവാലക്കാരൻ പണവുമായി രാജ്യം വിട്ടെന്ന നന്ദകുമാറിൻ്റെ ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് വിനിയോഗം സംബന്ധിച്ച് തുടർച്ചയായി ഉണ്ടാകുന്ന വിവാദം ജനങ്ങൾക്കിടയിൽ പാർട്ടിയെ സംബന്ധിച്ച് അവമതിപ്പിനിടയാക്കുന്നതായും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ദല്ലാൾ നന്ദകുമാറുമായുള്ള ഇടപാടുകളാണ് ഇതിന് കാരണമായതെന്നാണ് കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടുന്നത്. അത്പോലെ സംസ്ഥാന അദ്ധ്യക്ഷൻ്റെ മണ്ഡലത്തിൽ കിറ്റുകൾ പിടിച്ചെടുത്തതും വലിയ ക്ഷീണമായാണ് ദേശീയ നേതൃത്വം കാണുന്നത്.
2004 കാലത്ത് ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചരണത്തിനൊപ്പം ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും സാരി വിതരണം ചെയ്ത സംഭവം പോലെയാണ് പാർട്ടി നേതൃത്വം ഇതിനെയും കാണുന്നത്. ഇത് സംബന്ധിച്ച് ആരോപണങ്ങളും കേസും ഉണ്ടായപ്പോൾ കെ.സുരേന്ദ്രനും പ്രാദേശിക ഘടകങ്ങളും നടത്തിയ പ്രതികരണങ്ങൾ പരസ്പര വിരുദ്ധമായെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. വിഷയങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യുന്നതിൽ
സംസ്ഥാന നേതൃത്വത്തിന് തുടർച്ചയായി വലിയ വീഴ്ച്ചകളുണ്ടാകുന്നതായാണ് നേതൃത്വം മനസ്സിലാക്കുന്നത്.