ഡൽഹി: രാജ്യത്തെ അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ 25 ശതമാനം ഓഹരികൾ പൊതു ഓഹരിയുടമകളുടെ കൈവശമായിരിക്കണമെന്ന സെബിയുടെ നിബന്ധന പാലിക്കാത്തതിനാലാണ് ഈ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കുന്നത്. ലിസ്റ്റഡ് കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന നിബന്ധന പാലിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് ഓഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഫോളോ ഓൺ പബ്ലിക് ഓഫർ, തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് ഓഹരി കൈമാറൽ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കാം.
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 3.62 ശതമാനവും യൂക്കോ ബാങ്കിൽ 4.61 ശതമാനവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 6.92 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 13.54 ശതമാനവും മാത്രമാണ് പൊതു ഓഹരികൾ. ബാക്കി ഓഹരികൾ സർക്കാരാണ് കൈവശം വച്ചിരിക്കുന്നത്. ഈ നാല് ബാങ്കുകളിലും സർക്കാർ പങ്കാളിത്തം 90 ശതമാനത്തിൽ കൂടുതലാണ്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 98.25 ശതമാനം, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 96.38 ശതമാനം, യൂക്കോ ബാങ്കിൽ 95.39 ശതമാനം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 93.08 ശതമാനം എന്നിങ്ങനെയാണ് സർക്കാർ ഓഹരി.
Discussion about this post