രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. അതേസമയം പരാമർശത്തിൽ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷൻ മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയുള്ള മോദിയുടെ പരാമർശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം ശ്രദ്ധേയമാണ്.
മുസ്ലിംങ്ങളെന്ന് പ്രത്യേകം പരാമർശിച്ച് വർഗീയത പരത്തുന്ന പ്രസംഗമാണ് മോദി നടത്തിയതെന്ന്, കോൺഗ്രസ് എല്ലാ സമ്പത്തും മുസ്ലിംങ്ങൾക്ക് നൽകുന്നുവെന്ന മോദിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നു. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തി. പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷൻ സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ മുസ്ലീംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പുതിയ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദമായത്. കൂടുതൽ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞുകയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങൾക്കെതിരെ പ്രധാനമന്ത്രി വിഭാഗീയ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലീംങ്ങൾക്കായിരിക്കുമെന്നും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വർണ്ണത്തിൻറെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു വരികയാണ്. പെരുമാറ്റച്ചട്ടം ലംഘിച്ച് ധ്രൂവീകരണ ശ്രമം നടത്തിയ മോദിക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രചാരണ റാലികളിൽ നിന്ന് വിലക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിഞ്ഞ് മോദി വർഗീയ കാർഡിറക്കുകയാണെന്ന് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പ്രതികരിച്ചു.
Discussion about this post