തിരഞ്ഞെടുപ്പ് സുരക്ഷ; സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം

kerala loksabha elections web casting eight constituency

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ദിവസത്തെ സുരക്ഷയുടെ ഭാഗമായാണ് പുതിയ സംവിധാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ ബൂത്തുകളിലായിരിക്കും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കുക. ഇവിടങ്ങളിലെ വോട്ടെടുപ്പ് നടപടികൾ പൂർണമായും ചിത്രീകരിക്കും.

വടകര ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ ആറ്റിങ്ങലിലെ ഇരട്ടവോട്ട് സംബന്ധിച്ച വിഷയത്തിലും തീർപ്പുണ്ടാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മണ്ഡലത്തിൽ 1,72,000-ൽ അധികം ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിൽ വിശദമായി ബൂത്തുതലത്തിൽതന്നെ പരിശോധന നടത്തിയെന്നും 439 ഇരട്ട വോട്ടുകൾ നീക്കം ചെയ്തെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. മണ്ഡലത്തിൽ 13.96 ലക്ഷം വോട്ടർമാരാണുള്ളത്.

Exit mobile version