കൊച്ചി: അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കവേയായിരുന്നു ദിലീപിന്റെ വാദം. ദിലീപിന്റെ ഹര്‍ജി വിധിപറയാന്‍ മാറ്റി.
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു.
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല. തീര്‍പ്പാക്കിയ ഹര്‍ജിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ആവശ്യമുന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ മൊഴിപകര്‍പ്പ് നല്‍കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. അന്തിമമാക്കിയ ഹര്‍ജികളില്‍ പുതിയ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ടെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അതിജീവിതയുടെ അഭിഭാഷക ടെലിവിഷന്‍ ചാനലുകളില്‍ വന്ന് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, ജില്ലാജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി. അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് ദിലീപിന് എന്തിനാണെന്നും അതിജീവിത ചോദിച്ചു.