ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നു എന്ന് ആരോപിച്ച് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്സ് ആണ് എന്നും അദ്ദേഹം അരോപിച്ചു.
ബിജെപി യെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ മതേതര പാർട്ടികൾ ഒരുമിച്ചു നിൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ രാജ്യത്തെ പ്രമുഖരായ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കി. അരവിന്ദ് കെജ്‌രിവാളും ഹേമന്ത് സോറനും പ്രതിപക്ഷമുന്നണിയിലെ പ്രമുഖരായ മുഖ്യമന്ത്രിമാരാണ്.
ബിജെപിയുടെ ഹിന്ദു രാഷ്ട്രത്തിൽ എല്ലാരും ഇല്ല. സാധാരണ ഹിന്ദുക്കൾ അതിൽപ്പെടില്ല. രാജ്യത്തെ വലിയ കോർപ്പറേറ്റുകളുമായാണ് ബിജെപി ചങ്ങാത്തം കൂടുന്നത്. അദാനിയെയും അംബാനിയെയും പോലുള്ള കോർപ്പറേറ്റുകളുടെ സഹായത്തോടെ ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രികയിൽ രാജ്യം അഭിമുഖീകരിക്കുന്ന യാതൊന്നും ഇല്ലന്നും കാരാട്ട് പറഞ്ഞു.
തൊഴിലില്ലായ്മയും വിലക്കയറ്റവും പോലെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായതൊന്നും പ്രകടന പത്രികയിലില്ല. പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തെത്തി ആ ഭരണ സംവിധാനത്തിനെതിരെ ആരോപണമുന്നയിക്കുക എന്നതാണ് മോദിയുടെ രീതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പ്രധാനമന്ത്രിയെത്തി. അഴിമതി രഹിത പാർട്ടിയാണ് ബിജെപിയെന്നാണ് മോദിയുടെ വാദം. എന്നാൽ ഇലക്ടറൽ ബോണ്ട് വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിപ്പാർട്ടി ബിജെപിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Discussion about this post