ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ എത്തി. ചൊവ്വാഴ്ചയാണ് രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടായിരിക്കുന്നത്. യു.എസ് ട്രഷറി വരുമാനത്തിലുണ്ടായ വർധനയും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്കുകൾ കുറക്കില്ലെന്ന വാർത്തകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായി കണക്കാക്കുന്നു.
ഡോളറിനെതിരെ 83.53 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പിന്നീട് നില അല്പം മെച്ചപ്പെടുത്തി 83.48ലേക്ക് രൂപ ഉയർന്നു. രൂപ വൻ തകർച്ച നേരിടുന്നതിനിടെ ആർ.ബി.ഐ ഇടപെടലുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലൂടെ കറൻസി മാർക്കറ്റിൽ ആർ.ബി.ഐ ഇടപ്പെട്ടേക്കുമെന്നാണ് സൂചന.
ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ ഇൻഡക്സ് ഇപ്പോൾ ഉള്ളത്. ഇത് ഏഷ്യൻ കറൻസികളെ ദുർബലമാക്കി. കൊറിയൻ വണ്ണും ഇന്തോനേഷ്യൻ റുപ്പിയയും തകർച്ച നേരിട്ടു. ഏഷ്യൻ ഓഹരി വിപണികളിലും തകർച്ച തുടരുകയാണ്. യു.എസിൽ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം നവംബറിന് ശേഷമുള്ള ഉയർന്ന നിരക്കിലേക്ക് തിങ്കളാഴ്ച എത്തിയിരുന്നു. ഇതോടെ ലോകത്തെ പ്രധാനപ്പെട്ട കറൻസികൾക്കെതിരെ ഡോളർ ശക്തിയാർജിച്ചിരിക്കുകയാണ്.
Indian Rupee Weakens To Record Low Against US Dollar.
Discussion about this post