തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേർപ്പെടുത്തി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് വനം വകുപ്പ്. പൂരത്തിന് എഴുന്നള്ളിക്കുമ്പോൾ ആനയുടെ 50 മീറ്റർ പരിധിയിൽ ആളുകൾ നിൽക്കരുത്, 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കം പൊട്ടിക്കൽ, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.
ആനകൾക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ നടത്തിയാൽ മതിയെന്നു നിർദേശിച്ചിട്ടുണ്ട്. മാറ്റങ്ങൾ ഹൈക്കോടതിയെ അറിയിക്കും. വിവിധ ദേവസ്വം ബോർഡുകൾ പുതിയ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവ് തിരുത്താൻ നിർദേശിച്ചത്.
പുതിയ നിർദേശങ്ങൾ പാലിച്ചാൽ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. പൂരത്തിൻറെ മഠത്തിൽവരവ്, ഇലിഞ്ഞിത്തറ മേളം എന്നിവയെല്ലാം ഇതുകാരണം മുടങ്ങിയേക്കാം എന്നും ഇവർ ആശങ്ക അറിയിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ആനകളെ വിട്ടുനൽകില്ലെന്ന് എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകൾ ആന ഉടമകളെ പിന്തുണച്ചിരുന്നു.
ഇതോടെ ഉത്തരവിലെ പ്രായോഗികമല്ലാത്ത നിർദേശങ്ങൾ മാറ്റി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ നടപ്പാക്കാനാണു വനം വകുപ്പിൻറെ തീരുമാനം.
Discussion about this post